സന്തോഷവാര്‍ത്ത

 



ഇതാ, കര്‍ത്താവിന്‍റെ പേടകം പുതിയൊരു കാളവണ്ടിയില്‍ വരുന്നു. ആ സാന്നിധ്യത്തില്‍ ദാവീദ് പരിസരം മറക്കുകയാണ്-ആത്മവിസ്മൃതിയിലാണ്ട് ഉന്മത്തനെപ്പോലെ.

താന്‍ ഇസ്രായേലിന്‍റെ രാജാവാണ്, വേണ്ടത്ര വസ്ത്രങ്ങള്‍ പോലും ധരിച്ചിട്ടില്ല; കുറെയേറേ സ്ത്രീകളും പെണ്‍കുട്ടികളും തന്‍റെ ചുറ്റുമുണ്ട്. പക്ഷേ, തന്നെത്തന്നെ മറന്ന് ആനന്ദലഹരിയിലായ രാജാവ് സര്‍വ്വശക്തിയോടും കൂടി പേടകത്തിനു മുമ്പില്‍ പിള്ളേരെപ്പോലെ തുള്ളിച്ചാടി നൃത്തം ചെയ്തു, ഏതാണ്ട് ആഭാസനെപ്പോലെ (2 സാമുവേല്‍ 6:4-20).
എന്താണു കാരണം? കര്‍ത്താവിന്‍റെ വചനം, തിരുവചനം വരുന്നു. ആ ദിവ്യദര്‍ശനത്തില്‍ ഉള്ളിലൊതുക്കാന്‍ പറ്റാത്ത സന്തോഷം മൂലം ദാവീദ് സര്‍വ്വതും മറക്കുകയാണ്-അവനല്ലതായി മാറുകയാണ്.
ഏതാണ്ട് ഇതുപോലൊരു രംഗമാണ് 1223 ഡിസംബര്‍ 25 ലുണ്ടായത്-ഗ്രേച്ചിയോ ഗ്രാമത്തിലെ ജോണ്‍ വെലീത്തായുടെ തൊഴുത്തില്‍. യേശു ജനിച്ചതുപോലൊരു തൊഴുത്ത്. കാളകള്‍, കഴുതകള്‍ ! അവിടെ പുല്‍ത്തൊട്ടിയില്‍ ആദിയിലെന്നപോലെ ഉണ്ണീശോയുടെ രൂപം! ചുറ്റും ജനക്കൂട്ടം… ഫ്രാന്‍സീസ് എല്ലാം മറന്നുപോയി… തന്നെത്തന്നെയും, മറന്ന് അവന്‍ ആനന്ദ നൃത്തം ചെയ്തു-ദാവീദിനെപ്പോലെ.
ദാവീദിന്‍റെ മുമ്പിലെത്തിയതു കര്‍ത്താവിന്‍റെ എഴുതപ്പെട്ട വചനമായിരുന്നെങ്കില്‍, ഫ്രാന്‍സീസിന്‍റെ മുമ്പില്‍ ജീവനുള്ള ദൈവവചനത്തിന്‍റെ തിരുസാന്നിദ്ധ്യമായിരുന്നു. രണ്ടിടത്തും നിറവ്, ആനന്ദലഹരി.
വാസ്തവത്തില്‍ അതായിരുന്നു ആദ്യത്തെ ക്രിസ്മസ്. സമ്പൂര്‍ണ്ണ സന്തോഷത്തിന്‍റെ, സമൃദ്ധമായ ദൈവാനുഭവത്തിന്‍റെ ദിവസം. അതാണ് മാലാഖമാര്‍ ആകാശങ്ങളില്‍ അലയടിക്കുമാറു പാടിയത്; “ഇതാ സകല ജനത്തിനുമുള്ള മഹാ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത”(ലൂക്കാ:2:10). അതു കേട്ട ആട്ടിടയര്‍ അതിവേഗം ബെത്ലഹേമിലേക്കു നീങ്ങി-ആ വലിയ സന്തോഷത്തില്‍ പങ്കു ചേരുവാന്‍. തണുപ്പോ ഉറക്കമിളപ്പോ അവരെ അലട്ടിയില്ല. ആ അദ്ഭുത ശിശുവിനെ നിര്‍ന്നിമേഷരായി നോക്കിനിന്നു കണ്ട്, തികഞ്ഞ സന്തോഷത്തോടെ അവര്‍ തിരിച്ചു പോന്നു. മാത്രമല്ല ആ വലിയ സന്തോഷവാര്‍ത്ത തങ്ങള്‍കണ്ടുമുട്ടിയവരോടെല്ലാം അവര്‍ പങ്കു വച്ചു.
എന്തായിരുന്നു ആ സദ്വാര്‍ത്ത? ‘ആദത്തിന്‍റെ അപരാധത്തെ അനുഗ്രഹമാക്കി’പ്പകര്‍ത്തിക്കൊണ്ട് ഒരു രക്ഷകന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു! പാപം മൂലം ഒരിക്കല്‍ നഷ്ടപ്പെട്ടുപോയ ദൈവത്തെ മനുഷ്യനു തിരിച്ചുകിട്ടിയിരിക്കുന്നു. ആദത്തിന്‍റെ തെറ്റു മൂലം മങ്ങിപ്പോയ പ്രകാശം-മുങ്ങിപ്പോയ സന്തോഷം ഇതാ വീണ്ടും ഉദിച്ചുയര്‍ന്നിരിക്കുന്നു. അതിന്‍റെ അനുസ്മരണ ഉണര്‍ന്നപ്പോഴാണ് ഫ്രാന്‍സീസ് എല്ലാം മറന്ന് ആനന്ദനൃത്തം  ചെയ്തത്-ഫിലിസ്ത്യരും മറ്റും തട്ടിയെടുത്തതുമൂലം നഷ്ടപ്പെട്ടുപോയ പേടക (1 സാമുവല്‍.5) ത്തിന്‍റെ പുനര്‍ദര്‍ശനത്തില്‍ മതിമറന്നു സന്തോഷിച്ച ദാവീദിനെപ്പോലെ.
എന്തിലാ ണ്   ്ഈ അവാച്യമായ നിറവും നിര്‍വൃതിയും? അതു യേശു പഠിപ്പിച്ചതുപോലെ  സമ്പാദ്യങ്ങളുടെ സമൃദ്ധിയിലല്ലാ(ലൂക്കാ.12:15). എത്ര കിട്ടിയാലും തൃപ്തി വരാത്തവന്‍ ഒരിക്കലും സന്തുഷ്ടനല്ല. അരൂപിയില്‍ ദരിദ്രര്‍ എന്ന തിരുവചനത്തിന് ഒത്തിരിയേറെ ആഴങ്ങളുണ്ട്. എത്ര വലിയ ദരിദ്രരാണെങ്കിലും, അരൂപിയില്‍ ദരിദ്രനല്ലെങ്കില്‍ അവന്‍ ദരിദ്രനേയല്ല, സന്തുഷ്ടനുമല്ല. അതുപോലെതന്നെ സമ്പന്നനും. അരൂപിയില്‍ ദാരിദ്ര്യമുണ്ടെങ്കിലേ യഥാര്‍ത്ഥസന്തോഷവും സൗഭാഗ്യവും അനുഭവിക്കാനാവൂ.
ഒരു മനുഷ്യനു ലഭിക്കാവുന്നതെല്ലാം കൈക്കലാക്കിയാലും, ലോകം മുഴുവന്‍ നേടിയാലും (മത്താ: 16: 26), മന:സമാധാനമില്ലെങ്കില്‍ ഒന്നും നേടിയതുപോലെ തോന്നുകയില്ല. ലോകത്തിനു പ്രദാനം ചെയ്യാന്‍ കഴിയാത്ത(യോഹ: 14:27)യേശുവിനു മാത്രം നല്കാന്‍ കഴിയുന്ന ഒന്നാണ് സമാധാനവും അതോടു ചേര്‍ന്നു പോകുന്ന സന്തോഷവും. അതാണ് മാലാഖമാര്‍ പറഞ്ഞതും പാടിയതുമൊക്കെ കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ (ലൂക്കാ 2:11-14) നമുക്കു കിട്ടുക.
അന്നുണ്ടായിരുന്ന സമ്പന്നര്‍ക്കും പ്രമാണികള്‍ക്കുമല്ല പാവപ്പെട്ട ആട്ടിടയര്‍ക്കാണ് ആ ഭാഗ്യം സിദ്ധിച്ചത്-നിരക്ഷരകുക്ഷികളായ, ഗ്രാമീണശാലീനതയുടെ നിറകുടങ്ങളായ ആട്ടിടയര്‍ക്ക്.
ഭൗമികസമൃദ്ധിയിലല്ല യഥാര്‍ത്ഥ സന്തോഷം എന്നു ദാവീദും അനുഭവിച്ചറിഞ്ഞു. ഉറിയായുടെ ഭാര്യയെക്കൂടി കിട്ടിയാല്‍ (2.സാമുവല്‍ 11) സന്തുഷ്ടനായെന്നു കരുതിയവന്‍ പൂര്‍വ്വോപരി അസ്വസ്ഥനാവുകയായിരുന്നു (2സാമു. 11:27-12:12).
കര്‍ത്താവ് ചൊരിഞ്ഞ് ഒഴുക്കിയെങ്കില്‍ മാത്രമേ നമ്മുടെ ഹൃദയം നിറയുകയുള്ളൂ. അതാണ് പിന്നീട് അവന്‍ ഇങ്ങനെ പാടിയത്.”ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും സമൃദ്ധിയില്‍ ഉണ്ടാകുന്നതിലേറെ ആനന്ദം അവിടുന്ന് എന്‍റെ ഹൃദയത്തില്‍ നിക്ഷേപിച്ചു (സങ്കി. 4-7 ).
ക്രിസ്മസ് ദിവസം പടിഞ്ഞാറന്‍ നാടുകളില്‍ എല്ലാവരും ഇത്തിരി തിന്നുകുടിച്ചു സന്തോഷിക്കാറുണ്ട്. ധൂര്‍ത്തപുത്രന്‍റെ പുന:സമാഗമത്തില്‍ ദാസന്മാരും ദാസികളുമൊപ്പം പിതാവും അങ്ങനെ ചെയ്തില്ലേ(ലൂക്കാ: 15:23)?
പക്ഷേ, ദാവീദുപാടിയതുപോലെ ക്രിസ്മസ് ദിവസം വീഞ്ഞുകൂടാതെതന്നെ അതിലും കൂടുതല്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയാണ് ഫ്രാന്‍സീസ്. അതാണ് ക്രിസ്മസിന്‍റെ നിറവില്‍ എല്ലാം മറന്ന് അവന്‍ ആനന്ദനൃത്തം ചെയ്തത്. ഇതാ, ഒന്നുമില്ലാത്തവന്‍റെ – യേശുവിനെപ്രതി എല്ലാം- തന്നെത്തന്നെയും, നഷ്ടപ്പെടുത്തിയവന്‍റെ സന്തോഷം കണ്ടോ?
അത്തരക്കാരാണ്,  തന്നെത്തന്നെയും നഷ്ടപ്പെടുത്തുന്നവരാണ്, അതു പ്രാപിക്കുക എന്നത്രേ ഫുള്‍ട്ടന്‍ ഷീനും കൂട്ടിച്ചേര്‍ക്കാനുള്ളത്:(He who loses himself finds himself and finds his happiness)
അതാണ് ദാവീദ് വിഭാവനം ചെയ്ത യഥാര്‍ത്ഥ സന്തോഷം(സങ്കീ: 4:7), വി.ഫ്രാന്‍സീസ് പ്രാപിച്ച സന്തോഷം, പുല്‍ത്തൊട്ടിയിലെ ഉണ്ണി പ്രദാനം ചെയ്യുന്ന സന്തോഷം. അതു ലഭ്യമാക്കാനായിരിക്കട്ടെ ഇന്നത്തെ നമ്മുടെ തീവ്രശ്രമവും.  

Comments

Popular posts from this blog

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും

വിശുദ്ധ ആന്‍ജെലാ മെരീസി