മലിന മനസ്സിലെ മധുമഴ

 






മലിനമാണ് മനുഷ്യമനസ്സ്. ചങ്ങലയ്ക്കിടാത്ത ചിന്തകളും ചന്തമില്ലാത്ത ചെയ്തികളും അതിന്‍റെ മോടിയ്ക്ക് മങ്ങലേല്‍പ്പിക്കുന്നു. വിശുദ്ധിക്ക് വിഘാതമാകുന്നു. മദ, മോഹ, മാത്സര്യങ്ങളുടെ മാലിന്യശ്രേണികള്‍ മനസ്സിന്‍റെ മാന്യതയുടെ മേലങ്കിയില്‍ മായ്ക്കാനാവാത്ത കറകള്‍ക്ക് കാരണമാകുന്നു. ആ അഴുക്കുകളെ ആകെയകറ്റി അന്തരാത്മാവിന് അതുല്യമായ അഴകും അമൂല്യമായ വിശുദ്ധിയും കനിഞ്ഞരുളുവാന്‍ കഴിവുള്ളവന്‍ ഒരുവന്‍ മാത്രം, ദൈവം. അവനാണ് മഴപോലെ, മണ്ണിനെ നനയ്ക്കുന്ന വസന്തവൃഷ്ടിപോലെ,  മന്ദമായ് എന്‍റെയുള്ളില്‍ പെയ്തിറങ്ങുമെന്ന് എനിക്കുറപ്പുനല്‍കുന്നത്.(ഹോസിയാ 6 : 4)
അവന്‍റെ വറ്റാത്ത ഈ വാഗ്ദാനത്തിലാണ് ഉപാധികളില്ലാതെ ഞാന്‍ വിശ്വസിക്കേണ്ടത്. തന്‍റെ മധുരിതമായ തിരുമൊഴികളാകുന്ന മധുകണങ്ങള്‍ വെള്ളിനൂല്‍പോലെ പൊഴിച്ചുകൊണ്ട് എന്‍റെ ആത്മനാഥന്‍ അമാന്തിക്കാതെ അണയുമെന്നുള്ള വിശ്വാസം(എസെക്കിയേല്‍ 34:26) എന്‍റെ വീഴ്ചകളിലും വ്യര്‍ത്ഥജീവിതചര്യകളിലും എനിക്ക് ശക്തിയും ശാന്തതയും നല്‍കുന്നത് ഈ പ്രത്യാശയാണ്. അവന്‍റെ അനുഗ്രഹത്തേന്‍തുള്ളികളുടെ തോരാമാരിയില്‍ എന്നിലെ അശുദ്ധിയുടെ അവശിഷ്ടങ്ങളെ  അവന്‍ കഴുകിയകറ്റും. (ഏശയ്യ 4 : 4). ഉള്ളിന്‍റെയുള്ളിലുറങ്ങുന്ന ഉണ്‍മയുടെ വെണ്‍മയെ  മൂടിക്കിടക്കുന്ന മലിനതയുടെ മേല്‍ മണ്ണൊലിപ്പില്‍ എന്‍റെ ഹൃദയമാനസങ്ങള്‍ ഹിമതുല്യം  നിര്‍മ്മലമായിത്തീരും. എന്നിലെ പാപ പ്രവണതകളുടെ പങ്കിലഗര്‍ത്തങ്ങള്‍ അവന്‍റെ തുഷാര വര്‍ഷത്തില്‍ (മിക്കാ 5 : 7) മൂടപ്പെട്ടുപോകും. ആ കുളിര്‍മഴയില്‍ ഞാന്‍  നിര്‍മ്മലനാക്കപ്പെടും(എസെക്കി( 37:23) അശുദ്ധിയുടെ അഗാധതയില്‍നിന്നും കരം പിടിച്ചുകയറ്റി അവന്‍ എന്നെ ശുദ്ധീകരിക്കും. അവന്‍റെ മനോജ്ഞമായ മുഖദര്‍ശനത്തിനുവേണ്ടിയാണ് ഞാന്‍ മതിമറന്ന് മോഹിച്ച് ദാഹിച്ചു കാത്തിരിക്കേണ്ടത്. മഹിയിലിനി അവശേഷിക്കുന്ന ആയുസ്സിന്‍റെ  അരനാഴിക മുഴുവനും എന്‍റെ ജീവിതപാതയില്‍ മലരുകള്‍ വിതറി, കൈക്കുമ്പിളില്‍ കെടാത്ത പ്രത്യാശയുടെ മണിദീപമേന്തി, അവന്‍റെ കാലൊച്ചയാണ് ഞാന്‍ കാതോര്‍ക്കുന്നത്. അതിനുവേണ്ടിയാണ് ഞാന്‍ നിരന്തരം  കേണു പ്രാര്‍ത്ഥിക്കേണ്ടതും. സന്ദിഗ്ധ മനസ്ക്കനായ എന്‍റെ ഹൃദയനിലത്തില്‍ പുതുമഴയായി അവന്‍ പെയ്തിറങ്ങുമ്പോള്‍ അവിടെ നന്മയുടെ നാമ്പുകള്‍ മുളച്ചുപൊങ്ങും. എന്‍റെ മാനസം മൂടുന്ന മലിനത മുഴുവന്‍ മാറ്റി , മരുവിന്‍റെ മാറില്‍ പൊടുന്നനെ പൊട്ടിവിടരുന്ന  ശീതളനിര്‍ഝരിയായി, എന്നിലവന്‍ നിരന്തരം നിറയുമ്പോള്‍ പിന്നെ പുതുജീവന്‍റെ പച്ചപ്പായി!  ആനന്ദത്തിന്‍റെ കേളികൊട്ടായി! ആശ്വാസത്തിന്‍റെ നിശ്വാസങ്ങളായി! പരിശുദ്ധിയുടെ പരിമളമായി! എന്നിലവശേഷിക്കുന്ന ദുഷ്ടതയുടെ വേരുകളെ പിഴുതെറിഞ്ഞ് (ജെറമിയ 4 : 14), എന്നെ വെടിപ്പാക്കി,(ഏശയ്യ 1 : 16) എന്‍റെ  അകൃത്യങ്ങളെ  അശേഷം കഴുകിക്കളയുവാന്‍ മധുമഴയായി ദൈവമേ, അങ്ങ് എന്നിലെന്നും പൊഴിയണമേ.  

Comments

Popular posts from this blog

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും

വിശുദ്ധ ആന്‍ജെലാ മെരീസി