ഏറ്റവുമധികം പേര്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്ന രാഷ്ട്രമായതിന് പിന്നിലെ രഹസ്യം വിവരിച്ച് നൈജീരിയൻ കര്‍ദ്ദിനാള്‍
ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാജ്യമായി നൈജീരിയ അംഗീകരിക്കപ്പെട്ട ശേഷം രാജ്യത്തിന്റെ ഊര്‍ജ്ജസ്വലവും, സജീവവുമായ കൗദാശിക ജീവിതത്തിന്റെ രഹസ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് കര്‍ദ്ദിനാള്‍. സമീപകാല പഠനത്തില്‍ നൈജീരിയയിലെ മൂന്നു കോടിയോളം വരുന്ന കത്തോലിക്കരിലെ 94% ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുമെന്ന് വ്യക്തമായിരിന്നു. നൈജീരിയന്‍ കത്തോലിക്കര്‍ വിശുദ്ധ കുര്‍ബാനയില്‍ സജീവമായി പങ്കെടുക്കുന്നതിന്റെ പിന്നില്‍ മൂന്ന്‍ പ്രധാന കാരണങ്ങള്‍ ഉണ്ടെന്നു എക്വുലോബിയ രൂപതയെ നയിക്കുന്ന അന്‍പത്തിയൊന്‍പതുകാരനായ കര്‍ദ്ദിനാള്‍ പീറ്റര്‍ എബെരെ ഒക്പലകെ പറയുന്നു.
നൈജീരിയയുടെ പരമ്പരാഗതമായ ലോക വീക്ഷണം, കുടുംബത്തിന്റെ പങ്ക്, ഇടവകകളിലെ കൂട്ടായ്മ ബോധം എന്നിവയാണ് നൈജീരിയന്‍ ജനതയെ തലമുറകളായി വിശുദ്ധ കുര്‍ബാനയുമായി അടുപ്പിച്ച് നിര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു. സമൂഹത്തിലും, ജീവിതത്തിലുമുള്ള ദൈവസാന്നിധ്യത്തെ അംഗീകരിക്കുന്ന പരമ്പരാഗത വീക്ഷണം നൈജീരിയന്‍ സമൂഹത്തിനുണ്ട്. ദൈനംദിന ജീവിതത്തില്‍ ആത്മീയതയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ചും, ദൈവീകതയ്ക്കു മനുഷ്യ ജീവിതത്തിലുമുള്ള പങ്കിനെക്കുറിച്ചുള്ള ഒരു പൊതുബോധ്യം നൈജീരിയന്‍ ജനതയ്ക്കുണ്ടെന്നും, ഈ പൊതുബോധ്യമാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കലായി പരിണമിച്ചതെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസമുള്ളവരും, ഇല്ലാത്തവരും പണക്കാരും ദരിദ്രരും ഒരുപോലെ ദൈവത്തോടുള്ള ആഗ്രഹത്താല്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു ദേവാലയമാണെന്ന ആത്മീയബോധം നൈജീരിയയില്‍ ശക്തമാണ്. അടുത്ത തലമുറക്ക് വിശ്വാസം പങ്കുവെക്കപ്പെടുന്ന പ്രാഥമിക സ്ഥലം കുടുംബമാണ്. നൈജീരിയയിലെ കത്തോലിക്കാ ഇടവകകളും, രൂപതകളും ജനങ്ങള്‍ക്ക് ഒരു ശക്തമായ കൂട്ടായ്മ ബോധവും, പരസ്പര സ്നേഹവും കൈമാറുന്നുണ്ട്. വെറും 3 വര്‍ഷം മാത്രം പ്രായമുള്ള തന്റെ രൂപതയില്‍ തന്നെ ഈ കൂട്ടായ്മബോധം കാണാമെന്നും കര്‍ദ്ദിനാള്‍ ഒക്പാലകെ പറഞ്ഞു.
രൂപത തലത്തിലുള്ള ഒരു ധ്യാനകേന്ദ്രം സ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് കര്‍ദ്ദിനാള്‍. വിശുദ്ധ കുര്‍ബാനയിലെ ഉയര്‍ന്ന പങ്കാളിത്തം ഒരു സന്തോഷം പകരുന്ന കാര്യമാണെങ്കിലും അതൊരു വെല്ലുവിളി കൂടിയാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ദൈവം നല്‍കിയ ഈ വരദാനം നിലനിര്‍ത്തിക്കൊണ്ട് പോവുകയാണ് ആ വെല്ലുവിളി. ഒരുസമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ 100% ആളുകളും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന സ്ഥലങ്ങള്‍ ഉണ്ടായിരുന്നെന്നും, എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് ഒക്പാലകെയേ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.
Comments
Post a Comment