ലോസ് ആഞ്ചലസിലെ നഗരവീഥിയിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര: പിന്നാലെ വിശ്വാസി സമൂഹവും
ലോസ് ആഞ്ചലസ്: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി സംബന്ധിച്ച് ഗബ്രിയേല്‍ മാലാഖ മറിയത്തിന് നല്‍കിയ മംഗളവാര്‍ത്തയുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. “ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51) എന്ന പ്രമേയവുമായി നടന്നുകൊണ്ടിരിക്കുന്ന 3 വര്‍ഷം നീണ്ട ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25-നാണ് ആകെ മൊത്തം 6 മൈല്‍ നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ ദിവ്യകാരുണ്യ നാഥനെ അനുഗമിച്ചു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത മോണ്‍. ജോസ് ഗോമസ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്‍പായി മിഷന്‍ സാന്‍ ഗബ്രിയേലിലെ അനണ്‍സിയേഷന്‍ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ആദ്യ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയ വ്യക്തി നമ്മുടെ പരിശുദ്ധ കന്യകാമാതാവാണെന്നും അവളാണ് ആദ്യമായി യേശുവിനെ തെരുവുകളിലേക്കും, പിന്നീട് ലോകത്തിലേക്കും കൊണ്ടുവന്നതെന്നും വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. “മംഗളവാര്‍ത്തക്ക് ശേഷം മറിയം ധൃതിവെച്ച് തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ പോയി. മറിയത്തേകണ്ടപ്പോള്‍ എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറയുകയും അവളുടെ ഉദരത്തിലെ ശിശു സന്തോഷം കൊണ്ട് കുതിക്കുകയും ചെയ്തു. ആ സന്ദര്‍ശനമായിരുന്നു ആദ്യത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം. ഇന്നും നമ്മള്‍ ആ പാരമ്പര്യം തുടരുന്നുവെന്നും, നമ്മുടെ ജീവിതത്തില്‍ കാണുന്നവരോട് യേശുവിന്റെ സ്നേഹത്തിന്റെ സദ്‌വാര്‍ത്ത പങ്കിടുകയും, നമ്മുടെ നിത്യജീവിതത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയുമാണ് ദൈവം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മറിയത്തേപ്പോലെ തന്നെ ക്രിസ്തുവിന്റെ ഏറ്റവും അടുത്തവരായി മാറുവാന്‍ നമുക്കും കഴിയും എന്നത് മറക്കാതിരിക്കണമെന്ന് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ യേശുവിന്റെ ശരീരരക്തങ്ങളേയും, ആത്മാവിനേയും, ദിവ്യത്വത്തേയും ഉള്ളില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്, മറിയം അവളുടെ മേലങ്കിക്ക് കീഴില്‍ നമ്മളെ സംരക്ഷിക്കട്ടേ എന്ന വാക്കുകളോടെയാണ് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2022 ജൂണില്‍ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ നവീകരണ പരിപാടി 2025 ജൂണിലാണ് അവാസാനിക്കുക. ഇതിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ച് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസും സംഘടിപ്പിക്കുന്നുണ്ട്.
Comments
Post a Comment