BREAKING NEWS
latest

728x90

header-ad

468x60

header-ad

ഐ‌എസ് ആക്രമണത്തിന് ഇരയായ അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കത്തോലിക്ക സംഘടനയുടെ ഇടപെടലില്‍ പുതുജീവിതം

 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഹസാര്‍ എജ്യൂക്കേഷന്‍ സെന്ററില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ 20 അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് പുതുജീവിതം സമ്മാനിച്ച് കത്തോലിക്ക സന്നദ്ധ സംഘടന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30-ന് ചാവേര്‍ സ്ഫോടനത്തില്‍ സ്ഫോടനമേറ്റ് വൈദ്യസഹായം പോലും ലഭിക്കാതെ കിടന്ന കൗമാര പ്രായത്തിലുള്ള ഇരുപതോളം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വള്‍നറബിള്‍ പീപ്പിള്‍ പ്രൊജക്റ്റ് (വിപിപി) എന്ന കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഇടപെടലിലാണ് പുതിയ ജീവിതം ലഭിച്ചിരിക്കുന്നത്. വി.പി.പിയുടെ സഹായത്തോടെ സുരക്ഷിതമായി സ്പെയിനിലെത്തിയ ഈ പെണ്‍കുട്ടികള്‍ റൂബര്‍ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. അന്നത്തെ ചാവേര്‍ സ്ഫോടനത്തില്‍ 46 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.

വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പെണ്‍കുട്ടികളായതും, കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായതിനാലുമാണ് പെണ്‍കുട്ടികള്‍ ആക്രമണത്തിനു ഇരയായതെന്ന്‍ ‘വിപിപി’യുടെ ലെജിസ്ലേറ്റീവ് ആന്‍ഡ് ഡിപ്ലോമാറ്റിക്ക് റിലേഷന്‍സ് ലെയിസണായ മാരിലിസ് പിനെയിരോ ചൂണ്ടികാട്ടി. വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ്ഗമാണ് അഫ്ഗാനിസ്ഥാനിലെ ഹസാരാസ്. താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല്‍ ഇവര്‍ക്കെതിരേയുള്ള അടിച്ചമര്‍ത്തല്‍ കൂടുതല്‍ ശക്തിപ്പെട്ടു.

അധികാരം താലിബാന്റെ കൈയിലെത്തിയതുമുതല്‍ എണ്‍പത് ശതമാനത്തോളം (25 ലക്ഷം) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കഴിഞ്ഞുവെന്നാണ് യുനെസ്കോയുടെ കണ്ടെത്തല്‍. സുന്നി ഭൂരിപക്ഷ രാജ്യമായ അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗത്തില്‍പ്പെട്ട മുസ്ലീങ്ങളാണ് ഹസാരാസ്. ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന ഹസാര പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നത് അഫ്ഗാനിസ്ഥാനില്‍ പതിവാണ്. നിരാശയിലാണ്ടു കിടക്കുന്നിടത്തെ പ്രതീക്ഷയുടെ ചെറുകിരണം പോലെയാണ് ഈ പെണ്‍കുട്ടികളുടെ രക്ഷപ്പെടലെന്നു ‘വിപിപി’യുടെ സ്ഥാപകനും പ്രസിഡന്റുമായ ജേസണ്‍ ജോണ്‍സ് പറയുന്നു.

ഈ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുവാനും, അവരുടെ വിദ്യാഭ്യാസം തുടരുവാന്‍ പ്രാപ്തരാക്കിയതും സന്തോഷം പകരുന്നതായിരിന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പെയിനിലെത്തിയ പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ശസ്ത്രക്രിയകള്‍ ആവശ്യമുണ്ട്. ഇവര്‍ക്ക് സ്പെയിനില്‍ സ്ഥിരതാമസമാക്കുവാന്‍ വേണ്ട വിസ സ്പാനിഷ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. അവര്‍ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം നല്‍കുവാനും, അവരുടെ കുടുംബാംഗങ്ങളേയും സ്പെയിനില്‍ എത്തിക്കുവാനുമുള്ള ശ്രമത്തിലാണ് വി.പി.പി.

« PREV
NEXT »

Facebook Comments APPID