കാമറൂണിൽ തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ
തെക്കുപടിഞ്ഞാറൻ കാമറൂണിൽ തട്ടിക്കൊണ്ടുപോയ വൈദികര്‍ ഉള്‍പ്പെടെയുള്ള കത്തോലിക്ക വിശ്വാസികളെ മോചിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. അഞ്ച് വൈദികരും ഒരു കത്തോലിക്ക സന്യാസിനിയും ഉൾപ്പെടെ മാംഫെ രൂപതയിൽ തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായുള്ള കാമറൂണിലെ ബിഷപ്പുമാരുടെ അഭ്യർത്ഥനയിൽ താനും പങ്കുചേരുന്നതായി ഇന്നലെ സെപ്തംബർ 25-ന് പാപ്പ പറഞ്ഞു. 2017 മുതൽ ആഭ്യന്തരയുദ്ധം തുടരുന്ന കാമറൂണിന് കർത്താവ് സമാധാനം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും തെക്കൻ ഇറ്റാലിയൻ നഗരമായ മറ്റെരയിൽ നടന്ന ദിവ്യബലിയുടെ അവസാനത്തിൽ നടത്തിയ പ്രസംഗത്തിൽ പാപ്പ പറഞ്ഞു.
സെപ്തംബർ 16-ന് രാത്രിയാണ് കാമറൂണിലെ ആംഗ്ലോഫോണ്‍ മേഖലയിലെ എൻചാങ് ഗ്രാമത്തിലെ സെന്റ് മേരീസ് കത്തോലിക്ക ദേവാലയം അഗ്നിയ്ക്കിരയാക്കി തോക്കുധാരികൾ ഇവരെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ക്രൈസ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് കാമറൂണിലെ കത്തോലിക്കാ ബിഷപ്പുമാർ പ്രസ്താവനയിലൂടെ നേരത്തെ ആവശ്യപ്പെട്ടിരിന്നു. മോചനത്തിനായി അക്രമികള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടുവെങ്കിലും സഭാനേതൃത്വം ഇത് പൂര്‍ണ്ണമായി തള്ളികളഞ്ഞിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍ പതിവ് സംഭവമാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് മോചനദ്രവ്യം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. ‘ആംഗ്ലോഫോൺ ക്രൈസിസ്’ എന്നറിയപ്പെടുന്ന ആഭ്യന്തരയുദ്ധമാണ് കാമറൂണിന്റെ സമാധാനം നശിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ,
തെക്കുപടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള സായുധ വിഘടനവാദികൾ സർക്കാർ സേനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ അണിനിരക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് ഇവരുടെ അതിക്രമത്തിന് ഇരകളാകുന്നത്. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻ ജീവിതം സമർപ്പിച്ച മിഷ്ണറിമാർക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ പതിവാകുകയാണെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു. തീപിടിത്തത്തിനുശേഷം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ കൂടാരത്തിൽ നിന്ന്‍ യാതൊരു കേടുപാടും കൂടാതെ തിരുവോസ്തി കണ്ടെത്തിയിരിന്നു.
Comments
Post a Comment