സ്വര്‍ഗ്ഗത്തിന്‍റെ വഴികള്‍

 



ഒരിക്കല്‍ ഒരാള്‍ ഈശോയോടു ചോദിച്ചു: കര്‍ത്താവേ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവിടുന്നു പറഞ്ഞു: ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോട് പറയുന്നു, അനേക പേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്ക് സാധിക്കുകയില്ല. (ലൂക്കാ.13:23-24).
ഒരു ചൊല്ലുണ്ട്: ജീവിതം മനുഷ്യനെ കാണുന്നത് എപ്പോഴും നാല്ക്കവലയിലാണ്. ജീവിതത്തിലെ ഏതു പ്രവൃത്തിക്കും മനുഷ്യന് ഒരു തിരഞ്ഞെടുപ്പ് നടത്തുക ആവശ്യമാണ്. അതിനെ അവഗണിക്കാന്‍ അവന് സാധ്യമല്ല. കാരണം, നാല്ക്കവലയില്‍ നിശ്ചലനായി നില്ക്കാന്‍ പറ്റുകയില്ല. ഏതെങ്കിലും ഒരു വഴി അവന്‍ തെരഞ്ഞടുക്കണം.
തന്‍റെ അന്ത്യം അടുത്തപ്പോള്‍, മോശ ഇസ്രയേല്‍ക്കാരോട് പറഞ്ഞു: ഇതാ, ഇന്നു ഞാന്‍ നിന്‍റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. ജീവനും മരണവും അനുഗ്രഹവും ശാപവും ഞാന്‍ നിന്‍റെ മുമ്പില്‍ വച്ചിരിക്കുന്നു എന്നതിന് ആകാശത്തെയും ഭൂമിയെയും ഞാനിന്ന് നിനക്കെതിരായി സാക്ഷിയാക്കുന്നു. നീയും നിന്‍റെ സന്തതികളും ജീവിക്കേണ്ടതിന് ജീവന്‍ തിരഞ്ഞെടുക്കുക. കര്‍ത്താവിനെ സ്നേഹിച്ച് അവിടത്തോട് ചേര്‍ന്നു നില്ക്കുക. നിനക്ക് ജീവനും ദീര്‍ഘായുസ്സും ലഭിക്കും. നിന്‍റെ പിതാക്കന്മാരായ അബ്രഹാത്തിനും ഇസഹാക്കിനും യാക്കോബിനും നല്കുമെന്ന് കര്‍ത്താവ് ശപഥം ചെയ്ത ദേശത്ത് നീ വസിക്കുകയും ചെയ്യും. (നിയ.30:15-20). ജോഷ്വാ, തന്‍റെ ജീവിതാന്ത്യത്തില്‍, ഇസ്രയേലിന്‍റെ നേതൃസ്ഥാനം വിട്ടൊഴിയുന്ന അവസരത്തില്‍ അവരോട് പറഞ്ഞു: കര്‍ത്താവിനെ ശ്രവിക്കുന്നതിനു മനസ്സില്ലെങ്കില്‍, നദിക്കക്കരെ നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ, നിങ്ങള്‍ വസിക്കുന്ന നാട്ടിലെ അമോര്യരുടെ ദേവന്മാരേയോ ആരെയാണ് സേവിക്കുക എന്ന് ഇന്ന് തന്നെ തീരുമാനിക്കുവിന്‍. ഞാനും എന്‍റെ കുടുംബവും കര്‍ത്താവിനെ സേവിക്കും. (ജോഷ്വാ.24:15). ജെറെമിയായിക്ക് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായി. “ഈ ജനത്തോട് പറയുക: കര്‍ത്താവ് അരുളിചെയ്യുന്നു: ജീവന്‍റെയും മരണത്തിന്‍റെയും മാര്‍ഗ്ഗങ്ങള്‍ ഇതാ, നിങ്ങളുടെ മുമ്പില്‍ ഞാന്‍ വെയ്ക്കുന്നു. (ജെറ.21:8).” തിന്മ മൂലം ഇസ്രയേല്‍ക്കാര്‍ എത്തിച്ചേര്‍ന്ന ദുരവസ്ഥയെക്കുറിച്ച് ജെറമിയ അറിയിച്ചു: “ദുഷിച്ച ഈ തലമുറയില്‍ അവശേഷിക്കുന്നവര്‍ക്ക്, ഞാന്‍ അവരെ ചിതറിച്ച അടിമത്തത്തിന്‍റെ നാടുകളില്‍ ജീവനെക്കാള്‍ മരണം അഭികാമ്യമായി അനുഭവപ്പെടും-സൈന്യങ്ങളുടെ കര്‍ത്താവ് അരുളിചെയ്യുന്നു. (ജെറ.8:3).
നാശത്തിലേക്കും ജീവനിലേക്കും നയിക്കുന്ന വാതിലുകളെയും വഴികളേയും കുറിച്ച് ഈശോ അറിയിച്ചത് വി.മത്തായി രേഖപ്പെടുത്തുന്നു. വിനാശത്തിലേയ്ക്ക് നയിക്കുന്ന വാതില്‍ വിസ്തൃതവും വഴി വിശാലവുമാണ്. എന്നാല്‍ ജീവനിലേക്ക് നയിക്കുന്ന വാതില്‍ ഇടുങ്ങിയതും, വഴി വീതികുറഞ്ഞതുമാണ്. അതു കണ്ടെത്തുന്നവരോ ചുരുക്കം. (മത്താ.7:13-14).
സോക്രട്ടീസിന്‍റെ ശിഷ്യനായിരുന്ന സെബെസ് അദ്ദേഹത്തിന്‍റെ ഒരു കൃതിയില്‍ എഴുതുന്നു: “നിന്‍റെ മുന്‍പില്‍ ഒരു ചെറിയ കതക് കാണുന്നോ? അതിന്‍റെ മുമ്പിലുള്ള വഴിയില്‍ യാത്രക്കാര്‍ കുറവാണ്. ആ വഴിയാണ് പ്രബോധനത്തിലേയ്ക്ക് നയിക്കുന്നത്.” നന്മയുടെ പ്രബോധനം ദൈവത്തിന്‍റെ വഴിയാണ്.
ഇരുവഴികളുടെയും വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നത് സംഗതമെന്നു കരുതുന്നു
1. പ്രയാസമേറിയ വഴിയും എളുപ്പ വഴിയും
മഹത്വത്തിലേയ്ക്ക് എളുപ്പവഴികളൊന്നുമില്ല. മഹത്വം സമര്‍പ്പണത്തിലൂടെയും അദ്ധ്വാനത്തിലൂടെയുമാണ് ഉരുത്തിരിയുക. ഒരു ഗ്രീക്ക് കവിയായിരുന്ന ഹെസിയോഡ് പറയുന്നു: അധമമായത് എളുപ്പവും അവസരങ്ങള്‍ ധാരാളം ഉള്ളതും, വഴി മിനുസവും പ്രയാസങ്ങളില്ലാത്തതുമാണ്. അത് അടുത്തുതന്നെയുണ്ട്. പക്ഷേ, നന്മക്കു മുമ്പില്‍ അദ്ധ്വാനവും വിയര്‍പ്പൊഴുക്കലും ദൈവം ആവശ്യപ്പെടുന്നു. ആയാസരഹിതമായതുവിട്ട്, പ്രയാസമേറിയത് തിരഞ്ഞെടുക്കുക.
ഒരിക്കല്‍ എഡ്മണ്‍ഡ് ബുര്‍ക്ക് ഹൗസ് ഓഫ് കോമണ്‍സില്‍ മഹത്തായ ഒരു പ്രസംഗം നടത്തി. അതിനുശേഷം അദ്ദേഹത്തിന്‍റെ സഹോദരന്‍ റിച്ചാര്‍ഡ് ബുര്‍ക്ക് വളരെ ചിന്താമഗ്നനായി കാണപ്പെട്ടു. കാരണം ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ അത്ഭുതപ്പെടുകയായിരുന്നു, എഡ്മണ്‍ഡ് എങ്ങിനെയാണ് ഞങ്ങളുടെ കുടുംബത്തിന്‍റെ പ്രതിഭയെല്ലാം കുത്തകയാക്കിയത്! പക്ഷേ, ഞാന്‍ ഓര്‍ക്കുന്നു, ഞങ്ങള്‍ കളിയിലും മറ്റും സമയം ചെലവഴിച്ചപ്പോള്‍ അദ്ദേഹം എപ്പോഴും അദ്ധ്വാനത്തിലായിരുന്നു. ചിലര്‍ കാര്യങ്ങള്‍ എളുപ്പമാക്കിയെന്നു തോന്നിയാലും ആ എളുപ്പമാക്കലിന്‍റെ പിന്നില്‍ നിര്‍ത്താത്ത അദ്ധ്വാനമുണ്ട്.
2. നീണ്ട വഴിയും കുറിയ വഴിയും
ഒരു കാര്യവും നിമിഷ നേരം കൊണ്ട് പൂര്‍ണ്ണവും കുറ്റമറ്റതുമായിത്തീരുകയില്ല. നേട്ടങ്ങള്‍ നീണ്ട അദ്ധ്വാനത്തിന്‍റെയും സ്ഥിരമായ ശ്രദ്ധയുടേയും ഫലമാണ്. ഹോരസ് അദ്ദേഹത്തിന്‍റെ കാവ്യകലയില്‍ പീസോയെ ഉപദേശിക്കുന്നു: ഒരു പുസ്തകം എഴുതികഴിഞ്ഞാല്‍ ഒമ്പതു വര്‍ഷത്തേയ്ക്ക് അടുത്തു തന്നെ വയ്ക്കുക. തിരുത്തലുകള്‍ നടത്തുക. അതിനുശേഷമേ പ്രസിദ്ധീകരിക്കാവൂ. അദ്ദേഹം തന്നെ പറയുന്നു: പ്രസിദ്ധ നിരൂപകനായിരുന്ന ക്വിന്‍റീലിയാസിന്‍റെ അടുത്ത് ഒരു ശിഷ്യന്‍ ഒരു കൃതിയുമായി ചെന്നു. അദ്ദേഹം എല്ലാം നോക്കിയശേഷം പറഞ്ഞു: ഇതുകൊണ്ടുപോയി തീയിലിടുക! വീണ്ടും നന്നായി പരിശ്രമിക്കുക. ‘തോമസ് ഗ്രേയുടെ ഗ്രാമീണദേവാലയങ്കണത്തില്‍ എഴുതിയ വിലാപകാവ്യം’ ഒരു അനശ്വരകാവ്യമാണ്. 1742-ല്‍ ആരംഭിച്ച പ്രസ്തുത കൃതി 1750-ല്‍ ആണ് സ്വകാര്യമായി പ്രചാരത്തിലായത്. ആര്‍ക്കും എളുപ്പത്തില്‍ ഒരു കലാസൃഷ്ടി പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിക്കുകയില്ല. രണ്ടു വഴികളാണ് നമുക്കു മുന്നിലുള്ളത്. എളുപ്പം ഫലം കാണാമെന്നു തോന്നിപ്പിക്കുന്ന കുറിയവഴിയും, ഫലത്തിനായി ഏറെ അദ്ധ്വാനിക്കേണ്ടി വരുമെന്നു ചൂണ്ടിക്കാണിക്കുന്ന ദീര്‍ഘമേറിയ വഴിയും. അദ്ധ്വാനമേറിയ ദീര്‍ഘ വഴിക്കു മാത്രമേ നിലനില്ക്കുന്ന ഫലങ്ങള്‍ ഉളവാക്കാന്‍ കഴിയുകയുള്ളൂ.
3. അച്ചടക്കമുള്ള വഴിയും അച്ചടക്കമില്ലാത്ത വഴിയും
ശിക്ഷണമില്ലാതെ ഒന്നും നേടാന്‍ സാധിക്കുകയില്ല. ശിക്ഷണം അവഗണിച്ച് ഉദാസീനതയിലും അശ്രദ്ധയിലും കഴിഞ്ഞ് വളരെപ്പേര്‍ ജീവിതം നശിപ്പിച്ചിട്ടുണ്ട്. താലന്തുകളുടെ ഉപമയില്‍ ഈശോ ഇതാണു ചൂണ്ടികാണിക്കുന്നത്. അഞ്ചുതാലന്തു കിട്ടിയവന്‍ ഉടനെ പോയി വ്യാപാരം ചെയ്ത് അഞ്ചുകൂടി സമ്പാദിച്ചു. രണ്ടുതാലന്തു കിട്ടിയവന്‍ രണ്ടുകൂടെ നേടി. ഒരു താലന്തു കിട്ടിയവന്‍ പോയി നിലം കുഴിച്ച് യജമാനന്‍റെ പണം മറച്ചുവച്ചു. താലന്ത് വര്‍ദ്ധിപ്പിച്ച് ഇരട്ടിയാക്കിയ വിശ്വസ്തരായ ഭൃത്യന്മാരെ ജയമാനന്‍ അനേകകാര്യങ്ങള്‍ ഭരമേല്‍പ്പിക്കുകയും അദ്ദേഹത്തിന്‍റെ സന്തോഷത്തിലേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. യജമാനന്‍ നല്കിയ താലന്ത് മണ്ണില്‍ മറച്ചു വച്ച ദുഷ്ടനും മടിയനുമായ ഭൃത്യനില്‍ നിന്ന് ആ താലന്ത് തിരികെ എടുക്കുകയും അതിനെ പുറത്ത് അന്ധകാരത്തിലേയ്ക്ക് തള്ളിക്കളയുകയും ചെയ്തു. (മത്താ.25:14-30). ശിക്ഷണമുള്ള ജീവിതത്തിന്‍റെ മഹത്വവും ശിക്ഷണ രഹിത ജീവിതത്തിന്‍റെ നാശവുമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുക.
4. ആലോചനാ നിര്‍ഭര വഴിയും ആലോചനാ രഹിത വഴിയും
ആലോചനാ നിര്‍ഭരന്‍ എളുപ്പവഴിയും കുറിയവഴിയും ശിക്ഷണരഹിതവഴിയും പാടേ തള്ളിക്കളയുന്നു. അതേസമയം ആലോചനാ രഹിതന്‍ ആ വഴികളെ സ്വീകരിക്കും. ഏതു കാര്യത്തിനും രണ്ടു വശങ്ങളുണ്ട്. ഇപ്പോള്‍ എങ്ങനെ കാണപ്പെടുന്നു, വരാനിരിക്കുന്ന കാലത്ത് എങ്ങനെയായിരിക്കും. എളുപ്പവഴി ഇപ്പോള്‍ ആകര്‍ഷകമായി തോന്നും. പക്ഷേ, വിനാശത്തിലായിരിക്കും നയിക്കുക. അദ്ധ്വാനത്തിന്‍റെയും കഷ്ടപ്പാടിന്‍റെയും വഴി ഇപ്പോള്‍ വൈഷമ്യമേറിയതായി തോന്നാം. എന്നാല്‍ അതാണ് ജീവനിലേക്കു നയിക്കുന്ന വഴി.
മൂല്യങ്ങളുടെ ശ്രേഷ്ഠത, വഴിയുടെ ആരംഭത്തിലല്ല അന്ത്യത്തിലാണ് പൂര്‍ണ്ണതയില്‍ കാണപ്പെടുക. ഏതു കാര്യവും തല്‍ക്കാലത്തേക്കല്ല നിത്യതയുടെ വെളിച്ചത്തിലാണ് കാണേണ്ടത്. 

Comments

Popular posts from this blog

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും

വിശുദ്ധ ആന്‍ജെലാ മെരീസി