BREAKING NEWS
latest

728x90

header-ad

468x60

header-ad

പ്രതികാരത്തില്‍ നിന്നകന്നു നില്‍ക്കാം

 

 
ക്ഷമിക്കാനും പൊറുക്കാനും സഹിക്കാനും സ്നേഹിക്കാനുമുള്ള ശക്തി അനേകം വ്യക്തികളില്‍ നിന്നും കുടുബങ്ങളില്‍ നിന്നും ചോര്‍ന്നുപോയിട്ടുണ്ട്. ഈ പവിത്രമായ ശക്തി സമൂഹങ്ങളില്‍ നിന്നും രാഷ്ട്രങ്ങളില്‍ നിന്നും നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ആ ദിവ്യമായ ശക്തി വീണ്ടെടുക്കാതെ ലോകത്തൊരിടത്തും സമാധാനമുണ്ടാവുകയില്ല.
പ്രതികാരം ചെയ്യാനുള്ള മോഹം അനേകമാളുകള്‍ തങ്ങളുടെ ഹൃദയങ്ങളില്‍ രഹസ്യമായി സൂക്ഷിച്ചുവച്ചിട്ടുണ്ടല്ലോ? മറ്റു ചിലരാകട്ടെ പരസ്യമായി അതു പ്രകടിപ്പിക്കാന്‍ മടി കാണിക്കാത്തവരുമാണ്. അവരുടെ ഹൃദയങ്ങളുടെ ഉള്ളറകളില്‍ ഭീരുത്വമാണ് നിറഞ്ഞുനില്‍ക്കുന്നത്.അക്കാര്യം മറച്ചുപിടിക്കാനാണ് അവര്‍ പ്രതികാരത്തിന്‍റെ മേലങ്കിയെടുത്തു അണിയുന്നത്.
കര്‍ത്താവായ യേശുനാഥന്‍ കുരിശില്‍ മൂന്നാണികളില്‍ തൂങ്ങികിടന്നുകൊണ്ട് ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ ശക്തിയും മഹത്വവും നമുക്കു വെളിപ്പെടുത്തിത്തന്നു.അന്നുവരെ ആരും പ്രകടിപ്പിക്കാത്ത അതുല്യമായ സ്നേഹത്തിന്‍റെ ശക്തിപ്രകടനമായിരുന്നു അത്. പ്രതികാരം ശക്തിയുടെയും അഭിമാനത്തിന്‍റേയും പ്രകടനമായി പ്രഘോഷിച്ചിരുന്ന ലോകത്തിന്‍റെ മുമ്പില്‍ ക്ഷമിക്കുന്ന സ്നേഹത്തിന്‍റെ യഥാര്‍ത്ഥശക്തി ഈശോ വ്യക്തമാക്കി കൊടുത്തു. തന്‍റെ ഘാതകരെ പിതാവായ ദൈവത്തിനു സമര്‍പ്പിച്ചുകൊണ്ട് അവിടുന്ന് അപേക്ഷിച്ചു, പിതാവേ, അവരോട് ക്ഷമിക്കേണമേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല(ലൂക്കാ.23:34). കര്‍ത്താവ് മറ്റുള്ളവര്‍ക്കുവേണ്ടി നല്‍കിയ കല്പനകള്‍ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് മഹത്തായ മാതൃക നമുക്കു സമ്മാനിച്ചു. ശത്രുക്കളെ സ്നേഹിക്കുവിന്‍ , നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ (മത്താ.5:44). കര്‍ത്താവ് തന്നെ പീഡിപ്പിച്ചവരോട് ക്ഷമിച്ചു , അവരെ സ്നേഹിച്ചു, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ജീവിതപങ്കാളിയോടും, സഹോദരങ്ങളോടും, സഹപ്രവര്‍ത്തകരോടും പ്രതികാരം ചെയ്യാന്‍ അവസരം കാത്തിരിക്കുകയാണ് മനുഷ്യര്‍. പ്രതികാരം നമ്മുടെ ദൗര്‍ബല്യത്തിന്‍റേയും ബലഹീനതയുടേയും വ്യക്തമായ ലക്ഷണങ്ങളാണെന്ന് നമ്മില്‍ പലരും മനസ്സിലാക്കിയിട്ടില്ല. ആത്മീയമായി നാം ശക്തരാകണം. ബലഹീനത നമ്മെ തിന്മയിലേക്കു നയിക്കും. തിന്മ പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന സുഖം പൈശാചികമായൊരു സുഖമാണെന്ന് ഭൂരിപക്ഷം പേരും തിരിച്ചറിഞ്ഞിട്ടില്ല. പാപം ചെയ്യുമ്പോള്‍ നമ്മോടൊത്തു സന്തോഷിക്കുന്നത് സാത്താനാണ്. അങ്ങനെ സാത്താന്‍ നമ്മുടെ ഹൃദയത്തില്‍ സ്ഥാനം നേടിയെടുക്കുന്നു.പാപങ്ങളും തിന്മകളും ചെയ്തുകൂട്ടുമ്പോള്‍ സാത്താന്‍ നമ്മുടെ മേല്‍ പിടിമുറുക്കുന്നു. ക്രമേണ നമ്മുടെ ഹൃദയത്തിന്‍റെ പൂര്‍ണ്ണനിയന്ത്രണം അവന്‍ കൈവശപ്പെടുത്തുന്നു. ഹൃദയത്തില്‍ പ്രതികാരചിന്തകള്‍ക്കു ഇടം ലഭിക്കുന്നത് സ്നേഹത്തിന്‍റെ ഒരു കണികപോലും നമ്മില്‍ അവശേഷിച്ചിട്ടില്ല എന്നതുകൊണ്ടാണ്. വെറുപ്പും, വിദ്വേഷവും, ശത്രുതയും നിറഞ്ഞുനില്‍ക്കുന്നിടത്തു പ്രതികാരം മാത്രമേ വളരുകയുള്ളു.
പ്രതികാരചിന്തകള്‍ കത്തിപ്പടരുമ്പോള്‍ മനസ്സില്‍ മുറിവുകളും വൃണങ്ങളും കഠിനമായ അസ്വസ്ഥതകളും സൃഷ്ടിക്കപ്പെടും. നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ ദൈവം പ്രതികാരാഗ്നിയെ കെടുത്തുകയും നമ്മുടെ ജീവിതത്തില്‍ സമാധാനത്തിന്‍റെ ശീതളഛായ വിരിക്കുകയും ചെയ്യും.
മനുഷ്യന് ആത്മാര്‍ത്ഥമായി പൂര്‍ണ്ണമനസ്സോടെ ക്ഷമിക്കുവാനും പൊറുക്കുവാനും കഴിയുമോ? തീര്‍ച്ചയായും മനുഷ്യന് അത് സാദ്ധ്യമാണെന്ന് വി.സ്തേഫാനോസ് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചു. അദ്ദേഹം വെറുമൊരു പച്ചയായ മനുഷ്യനായിരുന്നു. കല്ലേറ് ഏറ്റ് വധിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍, ദുസ്സഹമായ മരണവേദന അനുഭവിച്ചുകൊണ്ടിരുന്നപ്പോള്‍, അദ്ദേഹം തന്‍റെ ഘാതകരോട് ആത്മാര്‍ത്ഥമായി ക്ഷമിച്ചു. ആ ഘാതകര്‍ക്കു വേണ്ടി ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ. അവന്‍ മുട്ടുകുത്തി വലിയ സ്വരത്തില്‍ അപേക്ഷിച്ചു. കര്‍ത്താവേ ഈ പാപം അവരുടെ മേല്‍ ആരോപിക്കരുതേ. ഇതുപറഞ്ഞ് അവന്‍ മരണനിദ്ര പ്രാപിച്ചു(അപ്പ.പ്രവ.7:60).
കര്‍ത്താവിന്‍റെ കല്പനകള്‍ പൂര്‍ണ്ണമായി അനുസരിക്കാനും അവിടുത്തെ പ്രബോധനങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനും വി.സ്തേഫാനോസിന് സാധിച്ചു. കേവലം സാധാരണ മനുഷ്യനായ അദ്ദേഹത്തിനു ക്ഷമിക്കാനും പൊറുക്കാനും സാദ്ധ്യമായെങ്കില്‍ ഇപ്പോള്‍ ഈ കാലഘട്ടത്തിലും നമുക്കും അതു സാദ്ധ്യമാണ്. പ്രതികാരചിന്തകള്‍ ജീവിതത്തെ പരാജയത്തിലേക്കും, ക്ഷമിക്കുന്ന സ്നേഹം വിജയത്തിലേക്കും നയിക്കുന്നു.

« PREV
NEXT »

Facebook Comments APPID