അപൂര്‍വ്വത; പ്രതിവാര കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാർക്കീസും

 

വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിവാര കൂടിക്കാഴ്ചക്കു ഫ്രാന്‍സിസ് പാപ്പയുടെ ഒപ്പം ഈജിപ്തിലെ, ‘അലക്സാണ്ട്രിയയിലെ പാപ്പ’യും കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവനുമായ പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമനും നിലക്കൊണ്ടത് അപൂര്‍വ്വതയായി. ഇന്നലെ റോമിൽ സമയം രാവിലെ 9 മണി, ഇന്ത്യയിൽ സമയം ഉച്ചയ്ക്ക് 12.30- ആയിരുന്നു വത്തിക്കാന്‍ ചത്വരത്തില്‍ അത്യഅപൂര്‍വ്വമായ കൂടിക്കാഴ്ച നടന്നത്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ ”സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ രണ്ട് മാർപാപ്പമാർ” എന്ന വിശേഷണം നല്‍കിയിരിന്നു.

സമാധാനാശംസയോടുകൂടി പൊതു കൂടിക്കാഴ്ച പരിപാടിക്കു തുടക്കം കുറിച്ചതിനെ തുടർന്ന് പാത്രിയാർക്കീസ് തവദ്രോസ് രണ്ടാമൻ പത്തുവർഷം മുമ്പ് ഇതേ തീയതിയിൽ ഫ്രാൻസിസ് പാപ്പ തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതിന് നന്ദി പറഞ്ഞു. തന്നെയും കോപ്റ്റിക് സഭയുടെ പ്രതിനിധികളെയും വത്തിക്കാനിൽ സ്നേഹപൂർവ്വം സ്വീകരിച്ചതും ഈ സ്നേഹത്തിന്റെ സ്മരണ അനുവർഷം തങ്ങൾ “സാഹോദര്യസ്നേഹദിനം” ആയി ആചരിക്കുന്നതും പാത്രിയാർക്കീസ് അനുസ്മരിച്ചു. പാത്രിയാർക്കീസിൻറെ വാക്കുകളെ തുടർന്ന് ഫ്രാൻസിസ് പാപ്പ, പാത്രിയാർക്കീസ് തവദ്രോസിന് സ്വാഗതം ചെയ്തു.

പാത്രിയാർക്കീസിന്റെ സാന്നിധ്യം കൊണ്ട് സവിശേഷസ്വഭാവം കൈവരിച്ച ഒരു കൂടിക്കാഴ്ചയായിരുന്നതിനാൽ പാപ്പ പതിവു പ്രബോധനപരമ്പര മാറ്റിവയ്ക്കുകയും പാത്രിയാർക്കീസ് തവാദ്രോസിന്റെ സന്ദർശനത്തിൻറെ പ്രാധാന്യം എടുത്തുക്കാട്ടുകയുമായിരിന്നു. 1973-ൽ അന്നത്തെ പാപ്പയായിരിന്ന പോൾ ആറാമനും കോപ്റ്റിക്ക് സഭാതലവന്‍ ഷെനൂദ മൂന്നാമൻ പാപ്പയും തമ്മിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. ഈ സംഭവത്തിൻറെ സ്മരണാർത്ഥം പാത്രിയാർക്കീസ് തവദ്രോസ് പത്തുവർഷം മുമ്പ്, തന്റെ തിരഞ്ഞെടുപ്പിനു ഏതാനും മാസങ്ങൾക്കു ശേഷം മെയ് 10-ന് ആദ്യമായി കാണാൻ വന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

കോപ്റ്റിക്ക് കത്തോലിക്ക സഭകളുടെ മൈത്രീദിനം എല്ലാ വർഷം മെയ് 10-ന് ആചരിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവെച്ചു. ആ സമയം മുതൽ എല്ലാ വർഷവും അത് ഞങ്ങൾ ആഘോഷിക്കുന്നു. ഞങ്ങൾ പരസ്പരം ഫോണിൽ വിളിക്കുന്നു, ആശംസകൾ അയക്കുന്നു, ഞങ്ങൾ നല്ല സഹോദരന്മാരായി തുടരുന്നു, ഞങ്ങൾ വഴക്കിട്ടിട്ടില്ല! പ്രിയ സുഹൃത്തും സഹോദരനുമായ തവാദ്രോസ്, ഈ ഇരട്ട വാർഷികത്തിൽ എന്റെ ക്ഷണം സ്വീകരിച്ചതിന് നന്ദി. പരിശുദ്ധാത്മാവിന്റെ വെളിച്ചം അങ്ങയുടെ റോമിലേക്കുള്ള സന്ദർശനത്തെയും ഇവിടെ നടത്തുന്ന പ്രധാനപ്പെട്ട കൂടിക്കാഴ്ചകളെയും വിശിഷ്യ, നമ്മുടെ വ്യക്തിപരമായ സംഭാഷണങ്ങളെയും പ്രബുദ്ധമാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു. ക്രിസ്തു വര്‍ഷം 42-ൽ‍ സുവിശേഷകനായ മര്‍ക്കോസ് രൂപംകൊടുത്തതെന്ന് വിശ്വസിക്കപ്പെടുന്ന കോപ്റ്റിക് സഭയുടെ കീഴില്‍ 10 മില്യണ്‍ വിശ്വാസികളാണുള്ളത്.

Comments

Popular posts from this blog

ദയാവധത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി വത്തിക്കാനും യഹൂദരുടെ പരമോന്നത സംഘടനയും

വിശുദ്ധ ആന്‍ജെലാ മെരീസി